തിരുവനന്തപുരം: മേയർ വി.വി. രാജേഷുമായി കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച മുഖാമുഖം പരിപാടി പ്രവാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. തിരുവനന്തപുരം നഗരത്തിന്റെ വികസന പദ്ധതികളും നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും ഈ സംവാദത്തിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു.
കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ നയിച്ച ഈ ചർച്ചയിൽ തിരുവനന്തപുരവും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള ശ്രോതാക്കൾ പങ്കെടുത്തു. ജനറൽ സെക്രട്ടറി സിനു നായർ അതിഥിയെയും പങ്കാളികളെയും സ്വാഗതം ചെയ്തു.
ഇടുങ്ങിയ റോഡുകൾ, മാലിന്യ നിർമാർജനം, കാലവർഷ കെടുതികൾ, തെരുവുനായ പ്രശ്നം, കുടിവെള്ള ദൗർലഭ്യം തുടങ്ങിയ നഗരപ്രശ്നങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ശ്രോതാക്കളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മേയർ മറുപടി നൽകി.
വിഴിഞ്ഞം തുറമുഖം, ഐഎസ്ആർഒ സ്പേസ് സെന്റർ, ശ്രീചിത്ര മെഡിക്കൽ സെന്റർ എന്നിവ ഉൾപ്പെടുന്ന തിരുവനന്തപുരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവത്കരണത്തിനുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തിനപ്പുറം പ്രത്യേക കേന്ദ്ര നഗര വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടാനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം അറിയിച്ചു.
കേരളത്തിലെ ഒരു മേയർ അമേരിക്കയിലെ വിവിധ സർക്കാർ ഏജൻസികളുടെ ഭാഗമായി ജോലിചെയ്യുന്ന പ്രവാസികളായ പ്രഫഷണലുകളിൽ നിന്നും അനൗപചാരികമായി ഉപദേശം തേടുന്ന ആദ്യത്തെ ഒരു കൂടിക്കാഴ്ചയെന്ന പ്രത്യേകതയും ഈ മുഖാമുഖത്തിനുണ്ടായിരുന്നു.
ട്രസ്റ്റി ബോർഡിന്റെ ചെയർപേഴ്സൺ വനജ നായർ, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാർ, അപ്പുകുട്ടൻ നായർ, ടി.എൻ. നായർ, സുരേന്ദ്രൻ നായർ, ഡോ. രഞ്ജിനി പിള്ള, സനൽ ഗോപി, നന്ദകുമാർ ചക്കിങ്കൽ, അനഘ വാര്യർ, മധു നമ്പ്യാർ, രതീഷ് നായർ, ശ്രീജിത്ത് ശ്രീനിവാസൻ, ശ്രീകുമാർ, നാരായണൻ കുട്ടി, ഗിരീഷ് പോറ്റി, ശ്രീകുമാർ ചെല്ലപ്പൻ തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.
ട്രഷറർ അശോക് മേനോന്റെ നന്ദി പ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.